നിങ്ങളുടെ കൗമാരക്കാരായ കുട്ടികളുമായി എങ്ങനെ ആരോഗ്യകരമായ ഓൺലൈൻ ശീലങ്ങൾ സൃഷ്‌ടിക്കാം

NAMLE

രക്ഷകർത്താക്കൾ അവരുടെ കൗമാരക്കാരായ കുട്ടികളെ സംരക്ഷിക്കാനും സുരക്ഷിതരായി നിലനിർത്താനും ആഗ്രഹിക്കുന്നു. എന്നാൽ സുരക്ഷയിൽ മാത്രം ശ്രദ്ധയൂന്നാതെ, വീട്ടിൽ നിന്ന് തന്നെ മീഡിയയുമായും സാങ്കേതികവിദ്യയുമായും കൂടുതൽ ആരോഗ്യകരവും ഫലപ്രദവുമായ ബന്ധം സൃഷ്‌ടിക്കുന്നതിനായി കൂടുതൽ വിശാലമായി ചിന്തിച്ചുകൂടെ? എല്ലാത്തിനുമുപരിയായി, കഴിഞ്ഞ പതിറ്റാണ്ടിനിടെ സാങ്കേതികവിദ്യയിലും വിവര സംവിധാന മേഖലയിലും ഉണ്ടായ മാറ്റങ്ങൾ കൗമാരക്കാരെ മാത്രമല്ല നാമെല്ലാവരെയും ബാധിച്ചിട്ടുണ്ട്. ഈ സങ്കീർണ്ണമായ ലോകഘടനയിൽ മുന്നോട്ട് പോകാൻ നാമെല്ലാവരും പഠിച്ചുകൊണ്ടിരിക്കുകയാണ്, ഒരുമിച്ചുള്ള യാത്ര കൂടുതൽ എളുപ്പമായിരിക്കും.

നമ്മുടെ വീട്ടിൽ തന്നെ ആരോഗ്യകരമായ മീഡിയ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ശ്രദ്ധയൂന്നുന്നതിലൂടെ നമ്മുടെ കുടുംബത്തെ സുരക്ഷിതമാക്കാൻ സഹായിക്കുന്നുവെന്ന് മാത്രമല്ല ഈ സാങ്കേതികവിദ്യകൾ നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുന്നു.

നിങ്ങളുടെ വീട്ടിൽ തന്നെ സോഷ്യൽ മീഡിയയുമായി ആരോഗ്യകരമായ ബന്ധം സൃഷ്‌ടിക്കാനുള്ള 5 നിർദ്ദേശങ്ങൾ ഇതാ:

  1. നിങ്ങളുടെ സ്വന്തം മീഡിയ ഉപയോഗം പരിശോധിച്ചുനോക്കൂ. നിങ്ങൾ സ്‌ക്രീൻ സമയം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ? മീഡിയ ഉപയോഗം നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നുണ്ടോ? നിങ്ങളുടെ ഫോൺ ഉപയോഗം, സോഷ്യൽ മീഡിയ ഉപയോഗം അല്ലെങ്കിൽ സുഹൃത്തുക്കളുമായുള്ള ടെക്‌സ്‌റ്റിംഗ് എന്നിവ കാരണം ചെയ്യാനുള്ള കാര്യങ്ങൾ നീട്ടിവയ്ക്കുന്നുണ്ടോ? നിങ്ങളുടെ ഫോൺ അടുത്തുതന്നെ വേണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? കുട്ടികൾ മീഡിയയും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതിനെ മുൻവിധിയോടെയാണ് നാം കാണുന്നത്, എന്നാൽ നമ്മുടെ സ്വന്തം ഉപയോഗം പരിശോധിച്ചാൽ കുട്ടികളുടെ ശീലങ്ങൾ നമ്മുടേതിന് സമാനമാണെന്ന് കാണാനാകും, ഇത് കുട്ടികളെ മനസ്സിലാക്കാനും സഹാനുഭൂതിയോടെ പെരുമാറാനും നമ്മളെ പ്രാപ്തരാക്കുന്നു.
  2. നിങ്ങൾ ഉപയോഗിക്കുന്ന മീഡിയയെ കുറിച്ച് വീട്ടിൽ ചർച്ച ചെയ്യുക. വാർത്താ പോഡ്‌കാസ്‌റ്റ് കാണുന്നതോ കായിക മത്സരങ്ങൾ കാണുന്നതോ പുതിയ സീരീസ് കാണുന്നതോ സോഷ്യൽ മീഡിയ ഫീഡുകളിൽ സ്‌ക്രോൾ ചെയ്യുന്നതോ ഏതുമാകട്ടെ - ഉണർന്നിരിക്കുന്ന ഭൂരിഭാഗം സമയത്തും നാം മീഡിയയുമായി ഇടപഴകുന്നു - നമ്മുടെ ദൈനംദിന ജീവിതത്തിൽ മീഡിയ പ്രധാനപ്പെട്ട റോൾ നിർവഹിക്കുന്നു. നാം ഉപയോഗിക്കുന്ന മീഡിയയെ കുറിച്ച് കൗമാരക്കാരായ കുട്ടികളോട് സംസാരിക്കുന്നതും നാം വായിച്ച രസകരമായ കഥകളോ കണ്ട തമാശ വീഡിയോകളോ അവരുമായി പങ്കിടുന്നതും അവർ കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും എന്തൊക്കെയാണെന്ന് തുറന്ന് സംസാരിക്കാൻ സഹായിക്കുന്നു.
  3. അറിയിപ്പുകൾ ഓഫാക്കുക. 24/7 മീഡിയ അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്, ടെക്‌സ്‌റ്റുകൾ, ഇമെയിലുകൾ, സോഷ്യൽ മീഡിയ പോസ്‌റ്റുകൾ, ബ്രേക്കിംഗ് ന്യൂസുകൾ എന്നിവയെ കുറിച്ചുള്ള തുടർച്ചയായ അറിയിപ്പുകൾ നമ്മുടെ ശ്രദ്ധ തിരിക്കുന്നു.
    എന്ത് കാര്യവും സംഭവിക്കുന്ന അതേ നിമിഷത്തിൽ തന്നെ അറിയണമെന്ന് ആഗ്രഹിക്കുന്ന ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്, എന്നാൽ അതിവേഗം നീങ്ങുന്ന ലോകത്തിൽ അത് തികച്ചും അസാധ്യമാണ്. ഒപ്പം ഇത് വളരെയേറെ ശ്രദ്ധ തിരിക്കുന്ന കാര്യവുമാണ്! അറിയിപ്പുകൾ ഓഫാക്കുന്നതിലൂടെ നിങ്ങൾക്ക് ഏതുസമയത്ത് വാർത്തകളും അപ്‌ഡേറ്റുകളും വേണമെന്നത് സംബന്ധിച്ച് നിശ്ചയിക്കാൻ ചില ഏജൻസികളെ അനുവദിക്കുന്നു. കൂടാതെ, നിങ്ങൾ സ്വയം അതിർവരമ്പ് വയ്ക്കുന്നത് അപ്രകാരം ചെയ്യാൻ നിങ്ങളുടെ കൗമാരക്കാരായ കുട്ടികളെയും പ്രോത്സാഹിപ്പിക്കും.
  4. ഒരുമിച്ച് ഇടപഴകുക. പലപ്പോഴും സാങ്കേതികവിദ്യയുടെ ഉപയോഗത്തെ കുറിച്ച് കൗമാരക്കാരായ കുട്ടികളുമായി നാം സംസാരിക്കുന്നത് ഇങ്ങനെയാണ്: “ഒരു സെക്കൻഡ് അതൊന്ന് ഓഫ് ചെയ്യാമോ, ഞാൻ നിന്നോടൊരു കാര്യം പറയട്ടെ?” പിന്നാലെ ഒരു വിരട്ടലും. നമുക്ക് ഇതിലും നന്നായി ഇത് കൈകാര്യം ചെയ്യാനാകും! ഒരു കുടുംബമെന്ന നിലയിൽ സാങ്കേതികവിദ്യ, മീഡിയ എന്നിവയെ കുറിച്ച് നിങ്ങളുടെ കൗമാരക്കാരായ കുട്ടികളുമായി ഇടപഴകാൻ നിരവധി അവസരങ്ങളുണ്ട്. ആദ്യമായി, കൗമാരക്കാർ സാങ്കേതികവിദ്യയിൽ വിദഗ്ദ്ധരാണ്. പുതിയ സാങ്കേതികവിദ്യ പഠിക്കുന്നതിൽ അവർക്ക് അവിശ്വസനീയമായ കഴിവുണ്ട്, അതിനാൽ അവരിൽ നിന്ന് സഹായം തേടുന്നത് പുതിയ സാങ്കേതികവിദ്യയെ കുറിച്ച് തുറന്ന് സംസാരിക്കാൻ വഴിയൊരുക്കുന്നു, കൂടാതെ നിങ്ങൾ അവരുടെ അറിവിനെ ബഹുമാനിക്കുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു. രണ്ടാമതായി, കൗമാരക്കാരായ കുട്ടികളോട് അവർ കളിക്കാൻ ഇഷ്‌ടപ്പെടുന്ന വീഡിയോ ഗെയിമുകളെ കുറിച്ച് സംസാരിക്കുന്നതും അവർ പോസ്‌റ്റ് ചെയ്ത ചിത്രത്തെ അഭിനന്ദിക്കുന്നതും സാങ്കേതികവിദ്യയുടെ ഗുണപരമായ വശങ്ങളിലൂന്നി സംസാരിക്കാൻ സഹായകരമാണ്, കൂടാതെ നിങ്ങൾക്ക് എന്തെങ്കിലും ആശങ്കകൾ ഉന്നയിക്കേണ്ടി വന്നാൽ അവർ പ്രതിരോധിക്കാൻ ശ്രമിക്കുകയുമില്ല.
  5. സാങ്കേതികവിദ്യയിൽ നിന്ന് ഇടവേള എടുക്കുക. ദിവസവും കുറച്ച് നേരം സാങ്കേതികവിദ്യയിൽ നിന്ന് ഇടവേള എടുക്കുന്നത് ആരോഗ്യകരമാണ്. സാങ്കേതികവിദ്യ ഉപയോഗിക്കാതെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള മാർഗങ്ങളെ കുറിച്ച് ആലോചിക്കുക. ഒരുപക്ഷേ, ഇത് അത്താഴ സമയമാകാം. ചിലപ്പോൾ ഞായറാഴ്‌ച പാൻ കേക്ക് ഉണ്ടാക്കുന്ന സമയമാകാം. ഒരുപക്ഷേ, ആഴ്‌ചയിൽ ഒരു രാത്രി വീതം 30 മിനിറ്റ് നേരം ഒരുമിച്ച് ബോർഡ് ഗെയിം കളിക്കാൻ നീക്കിവയ്ക്കുന്ന സമയമാകാം. സാങ്കേതികവിദ്യയുടെ നിരന്തര ഉപയോഗത്തിൽ നിന്ന് നാം സ്വയം മാറി നിൽക്കുന്നതിലൂടെ കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനും ദിവസവും കുറച്ച് സമയം ഫോൺ ഉപയോഗിക്കാതിരിക്കാൻ നമുക്കും കഴിയുമെന്ന് കൗമാരക്കാരായ കുട്ടികൾക്ക് മുന്നിൽ തെളിയിക്കാനും സഹായിക്കുന്ന സൂപ്പർ ഐഡിയയാണ്.

അനുബന്ധ വിഷയങ്ങൾ

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക