അതീവ സ്വകാര്യ ചിത്രങ്ങൾ പങ്കിടുന്നതിനെ (പങ്കിടാതിരിക്കുന്നതിനെ) കുറിച്ച് നിങ്ങളുടെ കൗമാരക്കാരോട് സംസാരിക്കുന്നത്

രക്ഷകർത്താക്കൾ കൗമാരക്കാരോട് അതീവ സ്വകാര്യ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, സാധാരണയായി രണ്ട് കാര്യങ്ങളിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്: അവ അയയ്‌ക്കരുതെന്ന് അവരോട് പറയുന്നതിലും അവർ അങ്ങനെ ചെയ്‌താൽ സംഭവിക്കാവുന്ന ഏറ്റവും മോശം സാഹചര്യങ്ങൾ കാണിക്കുന്നതിലും. ചില രാജ്യങ്ങളിൽ അതീവ സ്വകാര്യ ചിത്രങ്ങൾ അയയ്‌ക്കുന്നത് നിയമവിരുദ്ധമെന്നത് ശരിയാണ്. എന്നാൽ ഈ സമീപനം അവ അയയ്‌ക്കുന്നത് സംബന്ധിച്ച ഏറ്റവും വലിയ ആശങ്കകളെ അഭിസംബോധന ചെയ്യുന്നില്ല – മാത്രമല്ല ഇത് തിരിച്ചടിയാകാനും സാധ്യതയുണ്ട്. അതീവ സ്വകാര്യ ചിത്രങ്ങൾ അയയ്‌ക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മാത്രമാണ് നമ്മൾ സംസാരിക്കുന്നതെങ്കിൽ, അയച്ചയാളുടെ സമ്മതമില്ലാതെ അവ പങ്കിടുന്ന കൗമാരക്കാരോട് അവർ തെറ്റൊന്നും ചെയ്യുന്നില്ലെന്നാണ് നമ്മൾ പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് കേൾക്കുന്ന മറ്റ് കൗമാരക്കാരും അത് പങ്കിട്ട വ്യക്തിയ്‌ക്ക് പകരം ഇരയെ കുറ്റപ്പെടുത്താനുള്ള സാധ്യത കൂടിയേക്കും.

നല്ലൊരു കാര്യം എന്താണെന്നുവച്ചാൽ, നിങ്ങൾ വിചാരിക്കുന്നതിലും വളരെ കുറച്ച് കൗമാരക്കാർ മാത്രമേ അതീവ സ്വകാര്യ ചിത്രങ്ങൾ അയയ്‌ക്കാറുള്ളൂ എന്ന് ഗവേഷണം കാണിക്കുന്നു – പത്തിൽ ഒരാൾ മാത്രം.

നുറുങ്ങ്: കൗമാരക്കാർ അവയെ ”അതീവ സ്വകാര്യ ചിത്രങ്ങൾ” എന്ന് പറയില്ല. “നഗ്നത” എന്നതാണ് ഏറ്റവും സാധാരണമായ വാക്ക്, അല്ലെങ്കിൽ മറ്റ് പദങ്ങൾ പോലെ “ചിത്രങ്ങൾ” എന്ന് മാത്രം ഉപയോഗിക്കുന്നു.

കൗമാരക്കാർക്ക് അയച്ചതിലും കൂടുതൽ അതീവ സ്വകാര്യ ചിത്രങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ടെന്ന് കാനഡയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു, അതുകൊണ്ട് തന്നെ ഇത് യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ സാധാരണാമായ പ്രവർത്തനമായി തോന്നാം. തങ്ങളുടെ സുഹൃത്തുക്കളും സമപ്രായക്കാരും ചെയ്യുന്നുവെന്ന് കരുതുന്ന കാര്യങ്ങളെ കുറിച്ച് കൗമാരക്കാർ വളരെ സെൻസിറ്റീവ് ആണ്: പൊതുവായ ചില കാര്യങ്ങൾ ഉണ്ടെന്ന് അവർ കരുതുന്നുവെങ്കിൽ, തങ്ങളും അത് ചെയ്യുന്നതിൽ കുഴപ്പമില്ലെന്ന് ചിന്തിക്കാനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ കൗമാരക്കാരോട് പറയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം “എല്ലാവരും അത് ചെയ്യുന്നു” എന്നതിനാൽ അത് ശരിയാകണമെന്നില്ല എന്നതാണ്. ഒരു അതീവ സ്വകാര്യ ചിത്രം അയയ്‌ക്കുന്നതിനായി അവരെ സമ്മർദ്ദത്തിലാക്കാൻ ആരെയും അനുവദിക്കരുതെന്നും നിങ്ങൾ അവരോട് പറയണം.

ആരെങ്കിലും നിങ്ങളുടെ കൗമാരക്കാർക്ക് ഒരു അതീവ സ്വകാര്യ ചിത്രം അയച്ചാൽ എന്തുചെയ്യണമെന്നതിനെ കുറിച്ചാണ് നിങ്ങൾ അവരോട് അടുത്തതായി സംസാരിക്കേണ്ട കാര്യം. ബഹുമാനവും സമ്മതവും പ്രതിഫലിപ്പിക്കുന്ന ചോദ്യമായി ഇതിനെ രൂപപ്പെടുത്തുക: ആരെങ്കിലും നിങ്ങൾക്ക് ഒരു അതീവ സ്വകാര്യ ചിത്രം അയയ്ക്കുകയാണെങ്കിൽ, അത് കാണുന്നതിന് നിങ്ങൾക്ക് അവർ സമ്മതം നൽകിയിരിക്കുന്നു, എന്നാൽ മറ്റൊരാളെ കാണിക്കുന്നതിനുള്ള സമ്മതമല്ല.

നമ്മുടെ കൗമാരക്കാർക്ക് ഒരു അതീവ സ്വകാര്യ ചിത്രം അയച്ചത് ലഭിക്കുമ്പോൾ മികച്ച തിരഞ്ഞെടുപ്പുകൾ നടത്താൻ നമുക്ക് അവരെ എങ്ങനെ സഹായിക്കാനാകും?

ആദ്യം, നിങ്ങളുടെ കൗമാരക്കാർ ആവശ്യപ്പെടാതെഒരാൾ അവർക്ക് അതീവ സ്വകാര്യ ചിത്രം അയച്ചിട്ടുണ്ടെങ്കിൽ അത് ഉടൻ തന്നെ ഇല്ലാതാക്കണമെന്നും ഒന്നുകിൽ ആ വ്യക്തിയോട് കൂടുതൽ അയയ്‌ക്കരുതെന്ന് പറയുകയോ (അത് അവർക്ക് നേരിട്ട് അറിയാവുന്ന ആളാണെങ്കിൽ) അവരെ കോൺടാക്‌റ്റ് ചെയ്യുന്നതിൽ നിന്ന് ആ വ്യക്തിയെ തടയണമെന്നോ (അവർ അറിയാത്ത, അല്ലെങ്കിൽ ഓൺലൈനിൽ മാത്രം അറിയാവുന്ന ആരെങ്കിലും ആണെങ്കിൽ) അവരോട് പറയുക. ആ വ്യക്തി അതീവ സ്വകാര്യ ചിത്രങ്ങൾ അയയ്‌ക്കുന്നത് തുടരുകയാണെങ്കിൽ, ഒരു അധികാരിയേയോ അവർ വിശ്വസിക്കുന്ന മുതിർന്നയാളെയോ സമീപിക്കുന്നതിനെക്കുറിച്ച് നിങ്ങളോട് സംസാരിക്കണം.

അടുത്തതായി, അവർ ആവശ്യപ്പെട്ടതോ ലഭിച്ചതിൽ സന്തോഷിച്ചതോ ആയ അതീവ സ്വകാര്യ ചിത്രങ്ങൾ എന്തുചെയ്യണമെന്നതിനെക്കുറിച്ച് അവരോട് സംസാരിക്കുക.

സ്വയം ഈ ചോദ്യങ്ങൾ ചോദിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക:

  • ഇത് പങ്കിടുന്നതിനായി ഈ ചിത്രത്തിലുള്ള വ്യക്തി ഉദ്ദേശിച്ചിട്ടുണ്ടോ?
  • അയയ്ക്കുന്ന യഥാർത്ഥ ആളിൽ നിന്നല്ലാതെ മറ്റൊരാളിൽ നിന്നാണ് ഇത് വന്നതെങ്കിൽ, അതിൽ ഉള്ള വ്യക്തിയിൽ നിന്ന് അവർക്ക് അനുമതി ലഭിച്ചിരുന്നോ?
  • ഇതുപോലെ ഞാൻ ഉള്ള എന്തെങ്കിലും കാര്യം മറ്റാരെങ്കിലും പങ്കിടുകയാണെങ്കിൽ എനിക്ക് എന്തുതോന്നും?

ഇതെല്ലാം ഒരു ലളിതമായ നിയമത്തിലേക്ക് വരുന്നു: ഫോട്ടോയിലെ വ്യക്തി (അല്ലെങ്കിൽ ആളുകൾ) അത് പങ്കിടാൻ ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ,അത് പങ്കിടരുത്.

ഒരു നിയമം വ്യക്തമാണെങ്കിലും, അത് പാലിക്കാതിരിക്കുന്നതിന് കാരണം കണ്ടെത്താൻ മനുഷ്യർ വിദഗ്‌ദ്ധരാണ്. അതിനെ ധാർമ്മികമായ പിൻമാറൽ എന്ന് വിളിക്കുന്നു, കൂടാതെ ഇത് അതീവ സ്വകാര്യ ചിത്രങ്ങൾ പങ്കിടാനുള്ള കൗമാരക്കാരുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അതുകൊണ്ടാണ് ആ നിയമത്തിനൊപ്പം, നാല് പ്രധാന ധാർമ്മികമായ പിൻമാറൽ സംവിധാനങ്ങളെ നേരിട്ട് നമ്മൾ എതിർക്കേണ്ടത്:

ഒരാളുടെ അതീവ സ്വകാര്യ ചിത്രം പങ്കിടുന്നത് ദോഷം ചെയ്യുമെന്ന കാര്യം നിഷേധിക്കുന്നു.

അവർ ഇനിപ്പറയുന്ന കാര്യങ്ങൾ പറയും: “മറ്റ് ആളുകൾ ഇതിനകം കണ്ടിട്ടുള്ള നഗ്ന ചിതങ്ങൾ പങ്കിടുന്നത് വലിയ കാര്യമല്ല.”

നിങ്ങൾ പറയേണ്ടത്: നിങ്ങൾ ഒരു അതീവ സ്വകാര്യ ചിത്രം പങ്കിടുമ്പോഴെല്ലാം, അതിലെ വ്യക്തിയെ നിങ്ങൾ വേദനിപ്പിക്കുകയാണ്. നിങ്ങൾ അത് പങ്കിടുന്ന ആദ്യത്തെ ആളാണോ നൂറാമത്തെ ആളാണോ എന്നതല്ല ഇവിടത്തെ പ്രശ്‌നം.

നല്ല ഫലങ്ങളും ഉണ്ടെന്ന് പറഞ്ഞ് ഒരു അതീവ സ്വകാര്യ ചിത്രം പങ്കിടുന്നതിനെ ന്യായീകരിക്കുന്നു.

അവർ ഇനിപ്പറയുന്ന കാര്യങ്ങൾ പറയും: “ഒരു പെൺകുട്ടിയുടെ ചിത്രം പങ്കിടുമ്പോൾ, അത് മറ്റ് പെൺകുട്ടികൾക്ക് അവ അയയ്‌ക്കുന്നതിന്റെ അപകടസാധ്യത കാണിക്കുന്നു.”

നിങ്ങൾ പറയേണ്ടത്: രണ്ട് തെറ്റുകൾ ഒരിക്കലും ഒരു ശരിയാകില്ല! ആരെയും വേദനിപ്പിക്കാത്ത വിധത്തിൽ ഒരു അതീവ സ്വകാര്യ ചിത്രം അയയ്ക്കുന്നത് മോശം കാര്യമാണെന്ന് ആളുകളെ കാണിക്കുന്നതിന് മാർഗ്ഗങ്ങളുണ്ട്. (കൂടാതെ, അതീവ സ്വകാര്യ ചിത്രങ്ങൾ അയയ്‌ക്കരുതെന്ന് ഒരാളോട് പറയുന്നത് നിങ്ങളുടെ കടമയാകുന്നത് എങ്ങനെയാണ്?)

ഉത്തരവാദിത്തിൽ നിന്ന് മാറി നിൽക്കുന്നു.

അവർ ഇനിപ്പറയുന്ന കാര്യങ്ങൾ പറയും: “ഞാൻ ഒരു വ്യക്തിയുമായി മാത്രം നഗ്നത ചിത്രം പങ്കിടുകയും അയാൾ അത് മറ്റുള്ളവരുമായി പങ്കിടുകയും ചെയ്യുന്നുവെങ്കിൽ, അത് യഥാർത്ഥത്തിൽ എന്റെ തെറ്റല്ല.”

നിങ്ങൾ പറയേണ്ടത്: ആരെങ്കിലും നിങ്ങൾക്ക് ഒരു അതീവ സ്വകാര്യ ചിത്രം അയയ്‌ക്കുമ്പോൾ, നിങ്ങൾ അത് സ്വകാര്യമായി സൂക്ഷിക്കുമെന്ന് അവർ വിശ്വസിക്കുന്നു. അത് മറ്റൊരാളുമായി പങ്കിടുന്നത് പോലും ആ വിശ്വാസത്തെ തകർക്കുന്ന കാര്യമാണ്.

ഇരയെ കുറ്റപ്പെടുത്തുന്നു.

അവർ ഇനിപ്പറയുന്ന കാര്യങ്ങൾ പറയും: “ബന്ധം വേർപിരിഞ്ഞതിന് ശേഷം തന്റെ ചിത്രങ്ങൾ പങ്കുവെക്കപ്പെടുന്നതിനാൽ അത്ഭുതപ്പെടേണ്ടതില്ല.”

നിങ്ങൾ പറയേണ്ടത്: ഒരു ഒഴിവുകഴിവായി “ആൺകുട്ടികൾ എപ്പോഴും ആൺകുട്ടികളാണ്” ഉപയോഗിക്കരുത് അല്ലെങ്കിൽ ഒരു പെൺകുട്ടി “കാര്യങ്ങൾ നന്നായി മനസ്സിലാക്കണമായിരുന്നു” എന്ന് പറയരുത്. നിങ്ങൾക്ക് ഒരു അതീവ സ്വകാര്യ ചിത്രം ലഭിക്കുമ്പോൾ അത് പങ്കിടാൻ സുഹൃത്തുക്കളിൽ നിന്നും സമപ്രായക്കാരിൽ നിന്നും വളരെയധികം സമ്മർദ്ദം ഉണ്ടാകാം, എന്നാൽ ആരെങ്കിലും നിങ്ങൾക്ക് ഒരെണ്ണം അയയ്‌ക്കുകയും അവരുടെ അനുമതിയില്ലാതെ നിങ്ങൾ അത് പങ്കിടുകയുമാണെങ്കിൽ, നിങ്ങൾ കുറ്റക്കാരാണ്.

ഇരയെ കുറ്റപ്പെടുത്തുന്ന സാഹചര്യങ്ങൾ ഉള്ളതിനാലാണ്, കൗമാരക്കാരോട് അതീവ സ്വകാര്യ ചിത്രങ്ങൾ പങ്കിടരുതെന്ന് പറയുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അതേ സമയം അവർ അവ അയയ്‌ക്കുകയാണെങ്കിൽ എന്തൊക്കെ പ്രശ്‌നമുണ്ടാകുമെന്ന് പറഞ്ഞ് അവരെ ഭയപ്പെടുത്താൻ ശ്രമിക്കാതിരിക്കുന്നതും. അവ രണ്ടും പങ്കിട്ടയാൾക്ക് പകരം അയച്ചയാളെ കുറ്റപ്പെടുത്താൻ കൗമാരക്കാരെ പ്രോത്സാഹിപ്പിക്കുന്നു. പകരം, ആരെങ്കിലും നിങ്ങളുടെ കൗമാരക്കാർക്ക് ഒരു അതീവ സ്വകാര്യ ചിത്രം അയയ്‌ക്കുമ്പോൾ അവർ എപ്പോഴും ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുന്നുവെന്ന് ഉറപ്പാക്കുക.

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക
meta

ഞങ്ങളെ പിന്തുടരുക

facebook ഐക്കൺ
Instagram ഐക്കൺ
YouTube ഐക്കൺ
Twitter ഐക്കൺ
LinkedIn ഐക്കൺ