നെഗറ്റീവ് ഓൺലൈൻ അനുഭവങ്ങളിൽ എങ്ങനെ നിങ്ങളുടെ കുട്ടിയെ പിന്തുണയ്ക്കാം

യുണിസെഫ്

2024 നവംബർ 20

പ്രതികരിക്കുന്നതിനും നിങ്ങളുടെ കുട്ടിയെ പിന്തുണയ്ക്കുന്നതിനുമുള്ള 5 ഘട്ടങ്ങൾ.

പല കുട്ടികളുടെയും ജീവിതത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യ വലിയ പങ്ക് വഹിക്കുന്നു. ഇത് പഠനത്തിന്റെയും ബന്ധങ്ങളുടെയും വിനോദത്തിന്റെയും ലോകം തുറക്കുന്നു. എന്നാൽ ഓൺലൈനിൽ ആയിരിക്കുന്നതിൽ അപകടസാധ്യതയുമുണ്ട്. കുട്ടികൾ ഓൺലൈൻ ഭീഷണിപ്പെടുത്തലും ഉപദ്രവിക്കലും നേരിടുകയോ അനുയോജ്യമല്ലാത്ത ഉള്ളടക്കം കാണുകയോ ചെയ്‌തേക്കാം, കൂടാതെ അവരെ വിഷമിപ്പിക്കുകയോ അസ്വസ്ഥമാക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്ന മറ്റ് അനുഭവങ്ങൾ ഉണ്ടാകുകയും ചെയ്‌തേക്കാം. ഓൺലൈനിൽ നിങ്ങളുടെ കുട്ടി ഇത് നേരിടുകയാണെങ്കിൽ, നിങ്ങൾക്ക് അവരെ പിന്തുണയ്ക്കുന്നതിനായി സ്വീകരിക്കാവുന്ന അഞ്ച് നടപടികളുണ്ട്.

1. എന്തോ കുഴപ്പം സംഭവിച്ചുവെന്ന് തിരിച്ചറിയൽ

എന്തെങ്കിലും കുഴപ്പം സംഭവിക്കുകയാണെങ്കിൽ എല്ലാ കുട്ടികളും അവരുടെ പരിചരണ ദാതാവിനെ നേരിട്ട് സമീപിക്കില്ല. തങ്ങളുടെ കുട്ടിക്ക് ഓൺലൈനിൽ നെഗറ്റീവ് അനുഭവം ഉണ്ടായെന്ന് ചില രക്ഷകർത്താക്കൾ ആദ്യമായി അറിയുന്നത് അധ്യാപകരിൽ നിന്നോ മറ്റൊരു രക്ഷകർത്താവിൽ നിന്നോ ആയിരിക്കും. തങ്ങളുടെ കുട്ടിയുടെ ഉപകരണത്തിലെ വിചിത്രമോ അനുയോജ്യമല്ലാത്തതോ ആയ സന്ദേശങ്ങളും അഭിപ്രായങ്ങളും മറ്റ് രക്ഷകർത്താക്കളുടെ ശ്രദ്ധയിൽപ്പെട്ടേക്കാം. നിങ്ങളുടെ കുട്ടി നിങ്ങളെ തന്നെ നേരിട്ട് സമീപിക്കുന്നില്ലെങ്കിൽ വിഷമിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യേണ്ടതില്ല. സംഭവിച്ച കാര്യങ്ങളിൽ അവർക്ക് ലജ്ജയോ ഭയമോ ഉണ്ടാകാം, അല്ലെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയുണ്ടാകാം.

നിങ്ങളുടെ കുട്ടിക്ക് ആശങ്കകളോ വിഷമങ്ങളോ ഉണ്ടോയെന്നത് സംബന്ധിച്ച ലക്ഷണങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുക. എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് മനസ്സിലാക്കുന്നതിന് നിങ്ങളുടെ കുട്ടിയെ നന്നായി അറിയുന്ന വ്യക്തി നിങ്ങൾ തന്നെയാണ്, എന്നാൽ പൊതുവായ ചില ലക്ഷണങ്ങൾ ഇനിപ്പറയുന്നവയാണ്:

  • തലവേദന അല്ലെങ്കിൽ വയറുവേദന
  • ഉറക്കം സംബന്ധിച്ച പ്രശ്‌നങ്ങൾ
  • വിശപ്പിലെ മാറ്റങ്ങൾ
  • കാരണങ്ങൾ വ്യക്തമല്ലാത്ത ദുഃഖം, അസ്വസ്ഥത, ഉത്‌കണ്‌ഠ, പരിഭ്രമം
  • ഓൺലൈനിൽ സമയം ചെലവഴിച്ച ശേഷമുള്ള അസ്വസ്ഥത
  • അവരുടെ ഉപകരണങ്ങൾ ഒഴിവാക്കൽ അല്ലെങ്കിൽ ഓൺലൈനിൽ ചെയ്യുന്ന കാര്യങ്ങളിൽ അസാധാരണമായ വിധത്തിൽ രഹസ്യസ്വഭാവം സൂക്ഷിക്കൽ
  • സ്‌കൂളിൽ പോകാനുള്ള ഭയം അല്ലെങ്കിൽ സാമൂഹിക ഇടപഴകലുകൾ ഒഴിവാക്കൽ

യുണിസെഫ്: കുട്ടികളിലെ വിഷാദത്തിന്റെ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം

എന്തെങ്കിലും സംഭവിച്ചുവെന്ന് നിങ്ങൾ സംശയിക്കുന്നുണ്ടെങ്കിൽ, നിങ്ങളോടോ വിശ്വസ്‌തരായ മറ്റ് മുതിർന്നവരോടോ സംസാരിക്കാനാകുമെന്നും എന്തൊക്കെ സംഭവിച്ചാലും നിങ്ങൾ അവരെ പിന്തുണയ്ക്കുമെന്നും നിങ്ങളുടെ കുട്ടിയെ ഓർമ്മപ്പെടുത്തുക.

2. നിങ്ങളുടെ കുട്ടിക്ക് ആത്മവിശ്വാസം നൽകൽ

നിങ്ങളുടെ കുട്ടിക്ക് ഓൺലൈനിൽ അനുയോജ്യമല്ലാത്തതോ വിഷമിപ്പിക്കുന്നതോ ആയ എന്തെങ്കിലും കാര്യങ്ങൾ നേരിടേണ്ടി വന്നുവെന്ന് അറിയുന്നത് ഒരു രക്ഷകർത്താവെന്ന നിലയിൽ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ, നിങ്ങൾ ശാന്തത കൈവിടാതെ നിങ്ങളുടെ കുട്ടിയെ കേൾക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയാണെങ്കിൽ ഇപ്പോഴും ഭാവിയിലും അവർ നിങ്ങളോട് തുറന്ന് സംസാരിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്ന് ഓർക്കുക.

ശാന്തരായിരിക്കൂ: പ്രതികരിക്കുന്നതിന് മുമ്പ് അൽപ്പസമയം ശാന്തമായിരിക്കുക. നിങ്ങളുടെ പ്രതികരണം എന്താണെന്ന് നിങ്ങളുടെ കുട്ടി ശ്രദ്ധിക്കും, അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഞെട്ടലോ ദേഷ്യമോ വിഷമമോ ഉണ്ടെങ്കിലും ശാന്തമായിരിക്കാൻ ശ്രമിക്കുക.

നിങ്ങളുടെ കുട്ടിയെ സുരക്ഷിതമാക്കുന്നതിന് അവരുടെ ഉപകരണം എടുത്ത് മാറ്റുകയോ ഇന്റർനെറ്റ് ആക്‌സസ് നിരസിക്കുകയോ ചെയ്യുന്നതായിരിക്കാം നിങ്ങളുടെ സ്വാഭാവികമായ ആദ്യ പ്രതികരണം, എന്നാൽ അത്തരം പ്രതികരണത്തിലൂടെ തങ്ങൾ ശിക്ഷിക്കപ്പെട്ടതായി അവർക്ക് തോന്നാനിടയുണ്ട്, കൂടാതെ ഭാവിയിൽ നിങ്ങളെ സമീപിക്കാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു.

കേൾക്കുക: നിങ്ങളുടെ കുട്ടിക്ക് പൂർണ്ണ ശ്രദ്ധ നൽകി അവർക്ക് പറയാനുള്ളത് കേൾക്കുകയും സംഭവിച്ച കാര്യങ്ങൾ വിശദീകരിക്കാൻ അവരെ അനുവദിക്കുകയും ചെയ്യുക. നിങ്ങളുടെ കുട്ടിയുടെ ആശങ്കകൾ ഗൗരവമായി എടുക്കുക, വ്യഖ്യാനങ്ങൾ നൽകുന്നതും പെട്ടെന്ന് എന്തെങ്കിലും നിഗമനങ്ങളിലേക്ക് എത്തുന്നതും ഒഴിവാക്കുക.

നിങ്ങളുടെ കുട്ടി ഒരു ആപ്പിനെ കുറിച്ചോ ഗെയിമിനെ കുറിച്ചോ നിങ്ങളോട് പറയുകയാണെങ്കിലോ നിങ്ങൾക്ക് പരിചിതമല്ലാത്ത ഭാവങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിലോ, അത് വിശദീകരിക്കാൻ അല്ലെങ്കിൽ നിങ്ങളെ കാണിക്കാൻ അവരോട് പറയുക. നിങ്ങൾക്ക് അവരെ നന്നായി സഹായിക്കാൻ കഴിയുന്നതിന്, പ്രശ്‌നങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവരോട് പറയുക.

ഇനിപ്പറയുന്നത് പോലുള്ള വിശദമായ ഉത്തരങ്ങൾ നൽകാൻ കഴിയുന്ന ചോദ്യങ്ങൾ ചോദിക്കുക: "എന്താണ് സംഭവിച്ചതെന്ന് എന്നെ കാണിക്കാമോ?", “നിനക്ക് ഇത് കാരണം എന്ത് തോന്നി?”.

ആത്മവിശ്വാസം നൽകുക: നിങ്ങളെ സമീപിച്ചതിലൂടെ ശരിയായ കാര്യമാണ് ചെയ്‌തതെന്നും അവർ പ്രശ്‌ന‌ത്തിലല്ലെന്നും നിങ്ങളുടെ കുട്ടിയോട് പറയുക. സഹായിക്കുന്നതിന് നിങ്ങൾക്ക് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് അവരോട് ആവർത്തിച്ച് വ്യക്തമാക്കുക.

ഉദാഹരണത്തിന്: "നീ എന്നോട് പറഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഇക്കാര്യത്തിൽ നിന്നെ കുറ്റപ്പെടുത്തുന്നില്ല, നിനക്ക് സഹായത്തിന് ഞാനുണ്ട്. നമുക്ക് ഒരുമിച്ച് ഇത് പരിഹരിക്കാം."

3. നടപടിയെടുക്കൽ

സാഹചര്യത്തെ ആശ്രയിച്ച്, നിങ്ങളുടെ കുട്ടിയുടെ ആവശ്യം അവർ പറയുന്നത് കേൾക്കാൻ ഒരാൾ ഉണ്ടായിരിക്കുക എന്നത് മാത്രമായിരിക്കാം. കൂടുതൽ ഗൗരവമുള്ള എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ, അത് സംഭവിച്ച ആപ്പിന്, നിങ്ങളുടെ കുട്ടിയുടെ സ്‌കൂളിന് അല്ലെങ്കിൽ പോലീസിന് നിങ്ങൾ ഇത് റിപ്പോർട്ട് ചെയ്യേണ്ടതായി വന്നേക്കാം.

മ്യൂട്ടുചെയ്യുകയോ തടയുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്യണോ? സാഹചര്യം നേരിടാൻ എന്ത് നടപടി സ്വീകരിക്കണമെന്ന് നിങ്ങളുടെ കുട്ടിയുമായി സംസാരിക്കുക. ഉദാഹരണത്തിന്, അവർ ഒരു വ്യക്തിയെ മ്യൂട്ടുചെയ്യണോ തടയണോ അല്ലെങ്കിൽ റിപ്പോർട്ട് ചെയ്യണോ എന്നത്.

എന്തെങ്കിലും കുഴപ്പം സംഭവിക്കുകയാണെങ്കിൽ സഹായിക്കുന്നതിനായി ഒട്ടുമിക്ക സോഷ്യൽ മീഡിയ ആപ്പുകളിലും ഗെയിമുകളിലും ആപ്പുകളിലും സുരക്ഷാ, റിപ്പോർട്ട് ചെയ്യൽ ഫീച്ചറുകളുണ്ട്. ലഭ്യമായ ഫീച്ചറുകൾ ഏതൊക്കെയാണെന്നും അവ പ്രവർത്തിക്കുന്നത് എങ്ങനെയാണെന്നും കുട്ടികൾക്ക് (മുതിർന്നവർക്കും) തീർച്ചയുണ്ടാകില്ല, അതുകൊണ്ട് തന്നെ വ്യത്യസ്‌ത ഓപ്‌ഷനുകൾ എന്തൊക്കെയാണെന്ന് ഒരുമിച്ച് മനസ്സിലാക്കുകയും അവയിൽ എന്തൊക്കെ ഉൾപ്പെടുന്നുവെന്ന് ചർച്ച ചെയ്യുകയും ചെയ്യുക.

തങ്ങൾ ഉപയോഗിക്കുന്ന ആപ്പിലും ഡൗൺലോഡ് ചെയ്യുന്ന എല്ലാ പുതിയ ആപ്പുകളിലും ഉപയോക്താക്കളെ എങ്ങനെ റിപ്പോർട്ട് ചെയ്യാനും മ്യൂട്ടുചെയ്യാനും തടയാനും കഴിയുമെന്ന് നിങ്ങളുടെ കുട്ടികൾ അറിഞ്ഞിരിക്കേണ്ടത് അവരുടെ ഭാവിയിലേക്ക് പ്രധാനമാണ്.

തെളിവ് രേഖപ്പെടുത്തുക: നിങ്ങളുടെ കുട്ടിക്ക് സംഭവിച്ച നെഗറ്റീവ് അനുഭവങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ഇല്ലാതാക്കാനായിരിക്കും നിങ്ങൾ ആദ്യം ചിന്തിക്കുക, എന്നാൽ സംഭവം റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സംഭവിച്ച കാര്യങ്ങളുടെ തെളിവായി കാണിക്കാൻ കഴിയുന്ന ഏതെങ്കിലും സന്ദേശങ്ങൾ, ചിത്രങ്ങൾ അല്ലെങ്കിൽ പോസ്‌റ്റുകൾ എന്നിവ സംരക്ഷിക്കുകയോ അതിന്റെ സ്‌ക്രീൻഷോട്ട് എടുക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്.

റിസോഴ്‌സുകൾ: Meta ആപ്പുകളിലെ റിപ്പോർട്ട് ചെയ്യൽ സുരക്ഷാ റിസോഴ്‌സുകൾ ഇവയാണ്.

ഇത് നീക്കം ചെയ്യൂ എന്ന വെബ്‌സൈറ്റിൽ, ഏതെങ്കിലും അതീവ സ്വകാര്യ ചിത്രങ്ങൾ നീക്കം ചെയ്യാനുള്ള മാർഗ്ഗങ്ങൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശം ലഭ്യമാണ്.

നിങ്ങൾ ഒരു കമ്പനിക്ക് ഒരു പ്രശ്‌നം റിപ്പോർട്ട് ചെയ്‌ത് കഴിഞ്ഞ് പ്രതികരണം ലഭിക്കുന്നില്ലെങ്കിലോ പ്രശ്‌നം പരിഹരിച്ചിട്ടില്ലെങ്കിലോ, റിപ്പോർട്ട് എസ്‌കലേറ്റ് ചെയ്യുന്നത് പരിഗണിക്കുക. Facebook-ലും Instagram-ലും, നിങ്ങളുടെ റിപ്പോർട്ടിന്റെ സ്‌റ്റാറ്റസ് പരിശോധിക്കാനും ബാധകമാകുന്ന ഇടങ്ങളിൽ തീരുമാനത്തിന്റെ കൂടുതൽ അവലോകനം അഭ്യർത്ഥിക്കാനും കഴിയും. കുട്ടികളുടെ സുരക്ഷ ഗൗരവമായി എടുക്കാൻ ഈ കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഓർക്കുക.

സ്‌കൂൾ: സംഭവത്തിൽ നിങ്ങളുടെ കുട്ടിയുടെ സ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾ സ്‌കൂളുമായി സംസാരിക്കേണ്ടി വന്നേക്കാം. നിങ്ങൾ ശേഖരിച്ച തെളിവുകൾ കൈമാറുകയും നിങ്ങളുടെ കുട്ടിയെ സംബന്ധിച്ച് സാഹചര്യം വഷളാകാത്ത രീതിയിൽ സ്‌കൂൾ അധികാരികൾ എങ്ങനെ പ്രതികരിക്കുമെന്ന് അവരുമായി ചർച്ച ചെയ്യുകയും ചെയ്യുക. എല്ലാ അച്ചടക്ക നടപടികളും അക്രമരഹിതവും പെരുമാറ്റം തിരുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ആയിരിക്കണം (അപമാനിക്കാനോ ശിക്ഷിക്കാനോ ആകരുത്).

നിങ്ങളുടെ കുട്ടിയുടെ സ്‌കൂളിൽ ഒരു കൗൺസിലർ ഉണ്ടെങ്കിൽ, നിങ്ങളുടെ കുട്ടിയെ എങ്ങനെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കുന്നതിന് നിങ്ങളുടെ കുട്ടിക്ക് നേരിട്ട അനുഭവത്തെ കുറിച്ച് കൗൺസിലറോടും സംസാരിക്കാവുന്നതാണ്.

പോലീസ് അല്ലെങ്കിൽ അടിയന്തിര സേവനങ്ങൾ: നിങ്ങളുടെ കുട്ടിയുടെ സുരക്ഷ സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ, ഉടനടി പിന്തുണ നൽകാൻ കഴിയുന്ന പ്രാദേശിക ബാല സംരക്ഷണ സംഘടനകളെയോ അധികാരികളെയോ ബന്ധപ്പെടാൻ മടിക്കരുത്.

4. എപ്പോഴാണ് പ്രൊഫഷണൽ പിന്തുണ നേടേണ്ടത്

അനുയോജ്യമല്ലാത്തതോ ഉപദ്രവകരമോ ആയ എന്തെങ്കിലും അനുഭവിക്കേണ്ടി വരുന്നത് അങ്ങേയറ്റം വിഷമകരമാണ്.

നിങ്ങളുടെ കുട്ടിക്ക് എന്ത് തോന്നുന്നുവെന്നത് സംബന്ധിച്ച് അവരുമായി സംസാരിക്കുന്നതും പരിശോധിക്കുന്നതും തുടരുക, എന്നാൽ സംഭവത്തെ കുറിച്ച് നേരിട്ട് ചോദിക്കരുത്. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കൽ, വായന, കളികളിൽ ഏർപ്പെടൽ, സംഗീത ഉപകരണങ്ങൾ പരിശീലിക്കൽ എന്നിവ പോലെ സോഷ്യൽ മീഡിയയുടെ പുറത്തുള്ള മറ്റ് പോസിറ്റീവ് പ്രവർത്തനങ്ങൾ കണ്ടെത്താൻ അവരെ പിന്തുണയ്ക്കുക.

നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റത്തിലോ മാനസികനിലയിലോ ദീർഘനാൾ നീണ്ടുനിൽക്കുന്ന മാറ്റങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ, നിങ്ങൾ ഒരു പ്രാഥമിക ആരോഗ്യ പരിചരണ ദാതാവിനെ ബന്ധപ്പെടേണ്ടതാണ്.

ഒട്ടുമിക്ക രാജ്യങ്ങളിലും നിങ്ങളുടെ കുട്ടിക്ക് സൗജന്യമായി വിളിക്കാനും മറ്റൊരാളുമായി അജ്ഞാതമായി സംസാരിക്കാനും കഴിയുന്ന പ്രത്യേക ഹെൽപ്പ്‌ലൈൻ ഉണ്ട്. നിങ്ങളുടെ രാജ്യത്തെ സഹായം കണ്ടെത്തുന്നതിന്, ചൈൽഡ് ഹെൽപ്പ്‌ലൈൻ ഇന്റർനാഷണൽ അല്ലെങ്കിൽ യുണൈറ്റഡ് ഫോർ ഗ്ലോബൽ മെന്റൽ ഹെൽത്ത് സന്ദർശിക്കുക.

യുണിസെഫ്: എപ്പോഴാണ് മാനസികാരോഗ്യ പിന്തുണ കണ്ടെത്താൻ നിങ്ങളുടെ കൗമാരക്കാരെ സഹായിക്കേണ്ടത്

5. ഭാവിയിൽ നിങ്ങളുടെ കുട്ടിയെ എങ്ങനെ സംരക്ഷിക്കാം

ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളെ വളർത്തുന്നത് എളുപ്പമല്ല, നെഗറ്റീവ് ഓൺലൈൻ അനുഭവം നിങ്ങളെയും നിങ്ങളുടെ കുട്ടിയെയും ആശങ്കപ്പെടുത്തുന്നതാകാം. ഒരുമിച്ച് ഓൺലൈനിൽ സുരക്ഷിതരായി തുടരുന്നതിനും എല്ലാ വെല്ലുവിളികളും നേരിടുന്നതിന് നിങ്ങളുടെ കുട്ടിയെ നിങ്ങൾ സഹായിക്കുമെന്ന നിലപാട് ഊട്ടിയുറപ്പിക്കാനുമുള്ള അവസരമായി സംഭവിച്ച കാര്യങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക.

നിങ്ങളുടെ കുടുംബ നിയമങ്ങൾ പുനഃപരിശോധിക്കുക: നിങ്ങളുടെ കുട്ടി ആരുമായൊക്കെ, എങ്ങനെയല്ലാം ആശയവിനിമയം നടത്തുന്നുവെന്നും അവർ ഓൺലൈനിൽ പോസ്‌റ്റ് ചെയ്യുന്ന കാര്യങ്ങൾ ആർക്കെല്ലാം കാണാനാകുമെന്നും അവർക്ക് ഏതൊക്കെ പ്ലാറ്റ്‌ഫോമുകൾ അല്ലെങ്കിൽ ഉള്ളടക്കം ആക്‌സസ് ചെയ്യാനാകുമെന്നും അവരോട് സംസാരിക്കുക. നിങ്ങൾക്ക് ഏറ്റവും ഉത്കണ്‌ഠയുള്ളത് അവരുടെ സുരക്ഷയിലും ക്ഷേമത്തിലുമാണെന്നും എന്തെങ്കിലും ചോദ്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ അവർക്ക് എല്ലായ്‌പ്പോഴും നിങ്ങളെയോ വിശ്വസ്‌തരായ മറ്റ് മുതിർന്നവരെയോ സമീപിക്കാൻ കഴിയുമെന്നും ഓർമ്മിപ്പിക്കുന്നത് തുടരുക.

നിങ്ങളുടെ ചെറിയ കുട്ടികൾക്ക്: ആപ്പുകളും ഗെയിമുകളും നിങ്ങളുടെ കുട്ടിയുടെ പ്രായത്തിനും വളർച്ചയ്ക്കും അനുയോജ്യമാണെന്ന് ഉറപ്പാക്കുക. അനുയോജ്യമല്ലാത്ത ഉള്ളടക്കം തടയാനും ചില ആപ്പുകളിലേക്കോ വെബ്‌സൈറ്റുകളിലേക്കോ ഉള്ള ആക്‌സസ് പരിമിതപ്പെടുത്താനും നിങ്ങളുടെ ഇന്റർനെറ്റ് ദാതാവിലും ഉപകരണങ്ങളിലുമുള്ള ക്രമീകരണവും രക്ഷാകർതൃ നിയന്ത്രണങ്ങളും പരിശോധിക്കുക.

കൗമാരക്കാർക്ക്: അവരുടെ പ്രിയപ്പെട്ട പ്ലാറ്റ്‌ഫോമുകളിലെയും ആപ്പുകളിലെയും ഗെയിമുകളിലെയും സുരക്ഷാ ക്രമീകരണം ഒരുമിച്ച് അടുത്തറിയുക. നിങ്ങൾക്കുള്ള ആശങ്കകളെ കുറിച്ച് തുറന്ന് സംസാരിക്കുകയും അവർക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്യുക.

യുണിസെഫ്: നിങ്ങളുടെ കുടുംബത്തിനായി ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങൾ സൃഷ്‌ടിക്കാനുള്ള 10 മാർഗ്ഗങ്ങൾ

FacebookInstagramഎന്നിവയിലെ മേൽനോട്ടം, സുരക്ഷ, ക്ഷേമം എന്നിവയെ കുറിച്ച് ഫാമിലി സെന്ററിൽ കൂടുതലറിയുക.

സ്വകാര്യതാ ക്രമീകരണം പരിശോധിക്കുക: നിങ്ങളുടെ കുട്ടി ആക്‌സസ് ചെയ്യുന്ന എല്ലാ ഉപകരണങ്ങളിലെയും സോഷ്യൽ മീഡിയ, ഗെയിമുകൾ, മറ്റ് ഓൺലൈൻ അക്കൗണ്ടുകൾ എന്നിവയിലെയും സ്വകാര്യതാ ക്രമീകരണം അവലോകനം ചെയ്യുക. ഡാറ്റ ശേഖരണം കുറയ്ക്കുന്ന തരത്തിൽ സ്വകാര്യതാ ക്രമീകരണം സജ്ജീകരിക്കുകയും ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഉപകരണങ്ങൾ അപ് റ്റു ഡേറ്റായി നിലനിർത്തുകയും വേണം.

നിങ്ങളുടെ ചെറിയ കുട്ടികൾക്ക്: സുഹൃത്തുക്കൾക്കും കുടുംബത്തിനും മാത്രമേ അവരുമായി ഓൺലൈനിൽ ആശയവിനിമയം നടത്താൻ കഴിയുന്നുള്ളൂവെന്ന് പരിശോധിക്കുക.

കൗമാരക്കാർക്ക്: അവരുടെ പ്രിയപ്പെട്ട പ്ലാറ്റ്‌ഫോമുകളിൽ ഏതെല്ലാം സ്വകാര്യതാ ക്രമീകരണം ലഭ്യമാണെന്ന് ഒരുമിച്ച് പരിശോധിക്കുക. ആവശ്യമായത് പ്രകാരം ഇവ പതിവായി അവലോകനം ചെയ്യാനും ക്രമീകരിക്കാനും അവരെ പ്രോത്സാഹിപ്പിക്കുക.

യുണിസെഫ്: രക്ഷകർത്താക്കൾക്കുള്ള സ്വകാര്യതാ ചെക്ക്‌ലിസ്‌റ്റ്

Facebook, InstagramMeta Horizonഎന്നിവയിലെ സ്വകാര്യതാ ക്രമീകരണത്തെ കുറിച്ച് കൂടുതലറിയുകയും Facebook-ലെസ്വകാര്യത പരിശോധന പോലെയുള്ള ടൂളുകൾ പരീക്ഷിച്ചുനോക്കുകയും ചെയ്യുക.

വിമർശനാത്മക ചിന്തകളെ പിന്തുണയ്ക്കുക: ഓൺലൈനിലെ സംശയാസ്‌പദമോ ഉപദ്രവകരമോ ആയ പെരുമാറ്റം തിരിച്ചറിയുന്നതിനെ കുറിച്ച് നിങ്ങളുടെ കുട്ടിയോട് സംസാരിക്കുക. അന്തസോടെയും ബഹുമാനപൂർവവും പരിഗണിക്കപ്പെടാൻ എല്ലാവർക്കും അവകാശമുണ്ടെന്നും വിവേചനപരമോ അനുയോജ്യമല്ലാത്തതോ ആയ പെരുമാറ്റം ഒരിക്കലും സ്വീകാര്യമല്ലെന്നും അവർക്ക് മനസ്സിലാകുന്നുവെന്ന് ഉറപ്പാക്കുക.

നിങ്ങളുടെ ചെറിയ കുട്ടികൾക്ക്: ഓൺലൈനിലുള്ള എല്ലാവരും വിശ്വസിക്കാൻ കഴിയുന്നവരല്ലെന്നും നാം ആരുമായൊക്കെ ആശയവിനിമയം നടത്തുന്നു, എന്തിലൊക്കെ ക്ലിക്ക് ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്നും അവർക്ക് വിശദീകരിക്കുക. എന്തെങ്കിലും “കുഴപ്പം” സംഭവിച്ചുവെന്ന് അവർ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് ഇത് ഒരുമിച്ച് പരിഹരിക്കാൻ കഴിയുന്നതിന് നിങ്ങളെ സമീപിക്കാൻ അവരെ ഓർമ്മിപ്പിക്കുക.

കൗമാരക്കാർക്ക്: സ്വതന്ത്രമായി വളരുന്നതിനും മികച്ച തീരുമാനങ്ങൾ എടുക്കാനും അവരെ പിന്തുണയ്ക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ കണ്ടെത്തുക. അവർ ഓൺലൈനിൽ കാണുകയും പങ്കിടുകയും ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. അവരുടെ അനുഭവങ്ങളെ കുറിച്ച് ചോദിക്കുക – ഓൺലൈനിൽ വ്യക്തിപരമായ വിവരങ്ങൾ പങ്കിടുന്നതിന് അവർ സമ്മർദ്ദം നേരിട്ടിട്ടുണ്ടോ അല്ലെങ്കിൽ സമ്മർദ്ദം നേരിട്ട ആരെയെങ്കിലും അറിയാമോ? എന്ന് അവരോട് ചോദിക്കുക ഓൺലൈനിൽ പ്രശ്‌നകരമായ പെരുമാറ്റം നേരിട്ടിട്ടുണ്ടെങ്കിൽ അവർ എന്ത് ചെയ്യും?

പങ്കാളികളാകുക: സാങ്കേതികവിദ്യ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്, അതിനാൽ നിങ്ങളുടെ കുട്ടി വളരുന്നതിന് അനുസരിച്ച് അവരുടെ ഓൺലൈൻ പ്രവർത്തനങ്ങളിലും മാറ്റം സംഭവിക്കുന്നു. പുതിയ പ്ലാറ്റ്‌ഫോമുകളും ഗെയിമുകളും ആപ്പുകളും ഒരു കുടുംബമെന്ന നിലയിൽ ഒരുമിച്ച് അടുത്തറിയുക. ഓരോന്നിലും എന്തൊക്കെ ഉൾപ്പെടുന്നുവെന്ന് ഒരുമിച്ച് കണ്ടെത്തുക, പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുക, പുതിയ കാര്യങ്ങൾ മനസ്സിലാക്കുകയും രസകരമാക്കുകയും ചെയ്യുക.

നിങ്ങളുടെ കുട്ടിയുടെ ഓൺലൈൻ ജീവിതത്തിൽ സജീവ ഭാഗമായിരിക്കുന്നതിലൂടെ, ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ നിങ്ങൾ അവരെ സഹായിക്കുന്നുവെന്ന് മാത്രമല്ല, എല്ലാ അവസരവും പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

യുണിസെഫുമായി സഹകരിച്ചാണ് ഈ ലേഖനം വികസിപ്പിച്ചിരിക്കുന്നത്. കൂടുതൽ വൈദഗ്‌ദ്ധ്യത്തോടെയുള്ള രക്ഷാകർതൃ നുറുങ്ങുകൾക്കും മാർഗ്ഗനിർദ്ദേശത്തിനും, യുണിസെഫ് പാരന്റിംഗ് സന്ദർശിക്കുക .

ഏതെങ്കിലും കമ്പനിയെയോ ബ്രാൻഡിനെയോ ഉൽപ്പന്നത്തെയോ സേവനത്തെയോ യുണിസെഫ് സാക്ഷ്യപ്പെടുത്തുന്നില്ല.

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക